കൊളുക്കുമലയിലെ ഉദയാസ്തമയ കാഴ്ചകളും തേയില ചെരുവകളും ആസ്വദിയ്ക്കാം.
മൂന്നാറില്‍ നിന്നും 30 കിലോമീറ്റര്‍ ദൂരം..
മലമുകളില്‍ നിന്നും തേയില ചെരുവകളിലേയ്ക്ക് പതിയെ, തഴുകിയിറങ്ങുന്ന കോട മഞ്ഞ്. ഗ്രാമീണ പാതയ്ക്ക് ഇരുവശവും തേയില ചെടികള്‍ ഒരുക്കുന്ന കാഴ്ച വിസ്മയം. കൊളുന്തു നുള്ളുന്ന തൊഴിലാളികള്‍. ഇടയ്ക്കിടെ കൊളുന്തു ശേഖരിയ്ക്കാന്‍ എത്തുന്ന ട്രാക്ടറുകള്‍. തേയില ചെരുവുകള്‍ക്ക് മുകളില്‍ കോട്ട പോലെ ഉയര്‍ന്ന് നില്‍ക്കുന്ന മലനിരകള്‍.
മൂന്നാറിന്റെ ഭംഗി, ആളും ആരവവും ഇല്ലാതെ ആസ്വദിയ്ക്കാനാവുന്നയിടമാണ് സൂര്യനെല്ലി. മൂന്നാര്‍ പിന്നിട്ട് ഗ്യാപ് റോഡും ചിന്നക്കനാലും കടന്ന് സൂര്യനെല്ലിയിലേയ്ക്ക് എത്താന്‍ 30 കിലോമീറ്ററോളം ദൂരമുണ്ട്. ഇടുക്കിയിലെ തോട്ടം മേഖലയുടെ ഏറ്റവും മനോഹര ദൃശ്യങ്ങള്‍ സമ്മാനിയ്ക്കുന്നയിടം.
സൂര്യനെത്താത്ത സൂര്യനെല്ലി…
ഏത് കടുത്ത വേനലിലും സുഖശീതളമായ കാലാവ്സ്ഥ സമ്മാനിയ്ക്കുന്ന സ്ഥലമാണ് സൂര്യനെല്ലി. സൂര്യന്‍, ഇല്ലൈ എന്നീ പദങ്ങളില്‍ നിന്നാണ് സൂര്യനെല്ലി എന്ന പേരുണ്ടായതെന്നാണ് കരുതപ്പെടുന്നത്. വന മേഖലയാല്‍ ചുറ്റപെട്ട, സൂര്യന്റെ കോപം അധികം ഏല്‍ക്കാത്ത ഈ നാടിന്, ഇതിലും അനുയോജ്യമായ പേര് കിട്ടാനില്ല.

സൂര്യനെല്ലിയില്‍ നിന്നും തിരിഞ്ഞ് പോകുന്ന ഗ്രാമീണ പാതകളിലൂടെ വെറുതെ വാഹനം ഓടിച്ചും നടന്നും ഗ്രാമീണ സൗന്ദ്യര്യം ആസ്വദിയ്ക്കാം. തേയില ചെടികള്‍ക്കിടയിലൂടെ വളഞ്ഞ് പുളഞ്ഞ് പോകുന്ന പാത. മൊട്ടകുന്നുകളെ മുഴുവന്‍ പച്ചപുതപ്പിച്ച് നില്‍ക്കുന്ന തേയില ചെടികള്‍. ഇടയിക്കിടെ തഴുകിയെത്തുന്ന തണുത്ത കാറ്റ്. സഞ്ചാരികളുടെ മനസ് കുളിര്‍പ്പിയ്ക്കുന്ന കാഴ്ചകളും കലാവസ്ഥയുമാണ് എപ്പോഴും സൂര്യനെല്ലിയില്‍.
ആനയിറങ്കലും മതികെട്ടാനിലെ ജൈവ സമ്പത്തും….
സൂര്യനെല്ലിയുടെ താഴ് വാരത്തിലാണ് ആനയിറങ്കല്‍ ജലാശയം. വേനല്‍കാലത്ത്, തുറന്ന് വിടുന്ന ഇടുക്കിയിലെ ഏക ജലാശയമാണിത്. കേരളം മുഴവുന്‍ കത്തുന്ന ചൂടില്‍ ഉരുകുമ്പോഴും ആനയിറങ്കലും പന്നിയാര്‍ പുഴയും ജല സമൃദ്ധമായിരിക്കും. പൊന്‍മുടി ജൈലവൈദ്യുതി പദ്ധതിയുടെ ഭാഗമായ ആനയിറങ്കല്‍ ഡാമിലെ വെള്ളം വേനലിന്റെ പകുതിയോടെ മാത്രമെ തുറന്ന് വിട്ട്, പൊന്‍മുടിയിലേയ്ക്ക എത്തിയ്ക്കൂ.. വേനലില്‍, തേയില ചെടികളുടെ അതിരു പറ്റി നിറഞ്ഞ് കിടക്കുന്ന ആനയിറങ്കല്‍ മനോഹര കാഴ്ചയാണ്. മതികെട്ടാനില്‍ നിന്നും കരിവീരന്‍മാര്‍ തെളി നീര് തേടിയെത്തുന്ന ജലാശയം.
മതികെട്ടാന്‍ചോലയില്‍ നിന്നും ഉത്ഭവിയ്ക്കുന്ന ചെറു അരുവികളാണ് ആനയിറങ്കല്‍ ജലാശയത്തെ ജലസമൃദ്ധമാകുന്നത്. ആനയിറങ്കലിന്റെ കാഴ്ചകള്‍ ആസ്വദിച്ച് മതികെട്ടാന്‍ ജൈവ സമ്പന്നതയിലേയ്ക്ക് ട്രക്കിംഗ് നടത്താന്‍ വനം വകുപ്പ് അവസരം ഒരുക്കിയിട്ടുമുണ്ട്..

കൊളുക്കുമലയിലെ ഉദയാസ്തമയ കാഴ്ചകള്‍…
സൂര്യനെല്ലി കാഴ്ചകളില്‍ ഏറ്റവും പ്രധാനമാണ് കൊളുക്കുമലയിലേയ്ക്കുള്ള യാത്ര. ലോകത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തേയിലതോട്ടം എന്ന പ്രത്യേകതയും കൊളുക്കുമലയ്ക്ക് ഉണ്ട്. ജീപ്പ് മാര്‍ഗം മാത്രമെ ഇവിടേയ്ക്ക് എത്തി ചേരാനാവു. സമുദ്ര നിരപ്പില്‍ നിന്നും 7900 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കൊളുക്കുമലയിലെ ഉദയാസ്തമയ കാഴ്ചകള്‍, ഇടുക്കി യാത്രയില്‍ ജീവിതത്തില്‍ എന്നും ചേര്‍ത്്ത വെയ്ക്കാനാവുന്ന നിമിഷങ്ങളായി മാറും.

