തൊടുപുഴ പടിയിറങ്ങുമോ ഇടുക്കിയില്‍ നിന്ന്…

സംസ്ഥാനത്ത് പുതിയ ജില്ലാ രൂപീകരണ ചര്‍ച്ചകള്‍ ഉയരുമ്പോള്‍, ഇടുക്കിയുടെ വിഭജനവും ചര്‍ച്ചയാവുകയാണ്. തൊടുപുഴ നിയോജ മണ്ഡലം, പുതിയ മൂവാറ്റുപുഴ ജില്ലയില്‍ ഉള്‍പ്പെടുത്തി, ഇടുക്കിയെ മലയോര ജില്ലയായി നിലനിര്‍ത്തണമെന്നാണ് ഹൈറേഞ്ചില്‍ നിന്ന് ഉയരുന്ന ആവശ്യം.

തൊടുപുഴ ഇടുക്കിയില്‍ നില്‍ക്കട്ടെയെന്ന് തൊടുപുഴക്കാരും കേരളാ കോണ്‍ഗ്രസും

         തൊടുപുഴ ഇടുക്കിയുടെ ഹൃദയമാണെന്ന പ്രസ്ഥാവനയുമായി മന്ത്രി മോന്‍സ് ജോസഫ് രംഗത്ത് എത്തിയതോടെയാണ് ചര്‍ച്ചകള്‍ കൂടുതല്‍ ചൂടുപിടിച്ചത്. ജോസ് കെ മാണിയും തൊടുപുഴയെ വേര്‍പെടുത്തുന്നത് അംഗീകരിയ്ക്കില്ലെന്ന നിലപാട് സ്വീകരിച്ചിരുന്നു. ജോസഫിന്റെ തട്ടകം ഇടുക്കിയില്‍ തന്നെ ഉറച്ച് നിര്‍ത്താനാവും കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ശ്രമിയ്ക്കുക 

പുതിയ ജില്ലയുടെ സാധ്യതകള്‍ സംബന്ധിച്ചുള്ള പഠനങ്ങള്‍ നടക്കട്ടെയെന്നാണ്, ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്  പറയുന്നതെങ്കിലും വിഭജന സാഹര്യം ഉണ്ടായാല്‍, തൊടുപുഴ നിവാസികളുടെ താത്പര്യത്തിനൊപ്പം എം പി നിലപാട് എടുക്കുമെന്നാണ് കരുതുന്നത്. 

മലയോര ജില്ലവേണമെന്ന് ഹൈറേഞ്ച്.
ഉടുമ്പന്‍ചോല എംഎല്‍എ സേനാപതി വേണു വ്യക്തമാക്കുന്നത്, തൊടുപുഴയിലെ ലോ റേഞ്ച് സ്വഭാവമുള്ള പ്രദേശങ്ങള്‍ പൂര്‍ണ്ണമായും മാറ്റി ഇടുക്കിയെ മലയോര ജില്ല ആക്കണമെന്നാണ്. ബിജെപി ഇടുക്കി ജില്ലാ നേതൃത്വം അടക്കം ഹൈറേഞ്ചിന്റെ മനസിനൊപ്പമാണ് നിലപാട് എടുത്തിരിയ്ക്കുന്നത്.

എന്തുകൊണ്ട് മലയോര ജില്ല വേണം

ഇടുക്കിയ്ക്ക് അനുവദിയ്ക്കുന്ന മിക്ക പദ്ധതികളും,  തൊടുപുഴ ഇടുക്കിയിലാണ് എന്ന ഒറ്റകാരണത്താല്‍ ലോ റേഞ്ചിലേയ്ക്ക് പോവുകയാണെന്നാണ് ആരോപണം. മുന്നണി മര്യാദകളുടെ മറവില്‍  കേരളാ കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ധ തന്ത്രവും ഇതിന് കാരണമാകുന്നുണ്ട്. 2007 ല്‍ നെടുങ്കണ്ടത്ത് അനുവദിച്ച ബൃഹത് പദ്ധതിയായ സ്‌പൈസസ് പാര്‍ക്ക്, ലോ റേഞ്ചിലെ തുടങ്ങനാട്ടേയ്ക്ക് പറിച്ചു നട്ടത് ഇതിന് ഉദാഹരണമാണ്. 
ജില്ലാ ഭരണ കേന്ദ്രം കുയിലിമലയില്‍ ആണെങ്കിലും നിരവധി ജില്ലാ തല ഓഫീസുകള്‍ തൊടുപുഴയില്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്. ഈ ഓഫീസുകളില്‍ ഹൈറേഞ്ചിന്റെ വിദൂര മേഖലകളില്‍ ഉള്ളവര്‍ എത്താന്‍ മണിക്കൂറുകള്‍ സഞ്ചരിയ്ക്കണം.


ജില്ലാ കോടതി, രജിസ്ട്രാര്‍ ഓഫീസ്, വിദ്യാഭ്യാസ ഡയറക്ടര്‍, മൈനിംഗ് ആന്‍ഡ് ജിയോളജി, ക്ഷീര വികസന ജില്ലാ ഡയറക്ടറേറ്റ്, ക്വാളിറ്റി കണ്‍ട്രോള്‍ ക്ഷീര വികസനം, സോഷ്യല്‍ വെല്‍ഫയര്‍, ലേബര്‍ ഓഫീസ് എന്നിവ തൊടുപുഴയില്‍ പ്രവര്‍ത്തിയ്ക്കുന്ന ചില ജില്ലാ തല ഓഫീസുകളാണ്. ജില്ലാ ആശുപത്രിയും തൊടുപുഴയില്‍ ആണ് പ്രവര്‍ത്തിയ്ക്കുന്നത്.

ഹൈറേഞ്ചിലെ പ്രധാന മേഖലകളില്‍ നിന്നും തൊടുപുഴ വളരെ അകലെ.

ഉടുമ്പന്‍ചോല താലൂക്ക് ആസ്ഥാനമായ നെടുങ്കണ്ടത്ത് നിന്നും തൊടുപുഴയിലേയ്ക്കുള്ള ദൂരം 80 കിലോമീറ്ററില്‍ അധികമാണ്. ഹൈറേഞ്ചിലെ പ്രധാന വ്യാപാര കേന്ദ്രമായ കട്ടപ്പനയില്‍ നിന്നും  80 കിലോമീറ്റര്‍ ദൂരമുണ്ട്. കുമളിയില്‍ നിന്നും ഏകദേശം 85 കിലോമീറ്ററിലധികവും മൂന്നാറില്‍ നിന്ന് 86 കിലോമീറ്ററിലധികവും വണ്ടിപെരിയാറില്‍ നിന്ന് 98 കിലോമീറ്ററോളവുംഅകലെയാണ് തൊടുപുഴ. മറയൂരില്‍ നിന്ന് 126 കിലോമീറ്റര്‍ ആണ് ദൂരം. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ നിന്ന് അകന്ന് കിടക്കുന്ന തൊടുപുഴയില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ചിരിയ്ക്കുന്നത് ഹൈറേഞ്ച് നിവാസികള്‍ക്ക് സൃഷ്ടിയ്ക്കുന്ന ബുദ്ധിമുട്ട് ചില്ലറയൊന്നുമല്ല. 

ഓഫീസുകള്‍ ഹൈറഞ്ചേില്‍ കേന്ദ്രീകരിയ്ക്കണം

തൊടുപുഴയില്‍ പ്രവര്‍ത്തിയക്കുന്ന വിവിധ ജില്ലാ തല ഓഫീസുകള്‍, ജില്ലാ ആസ്ഥാനത്തേയ്‌ക്കോ, അല്ലെങ്കില്‍ ഹൈറേഞ്ചിലെ നാല് താലൂക്ക് കേന്ദ്രങ്ങളിലേയ്‌ക്കോ മാറ്റി സ്ഥാപിയ്ക്കണമെന്നാണ് മലയോര നിവാസികള്‍ ആവശ്യപ്പെടുന്നത്. 

എന്തുകൊണ് വിഭജനം പാടില്ലെന്ന് തൊടുപുഴക്കാര്‍..

പുതിയ മൂവാറ്റുപുഴ ജില്ലയില്‍ ഉള്‍പ്പെട്ടാല്‍ തൊടുപുഴയുടെ പ്രാധാന്യം നഷ്ടപെടുമോ എന്നതാണ് പ്രദേശവാസികളുടെ ആശങ്ക. എന്നാല്‍ പുതിയ ജില്ലയിലെ എല്ലാ മണ്ഡലങ്ങള്‍ക്കും ഒരേ പ്രാധാന്യം നല്‍കി, നിലവില്‍ തൊടുപുഴയില്‍ പ്രവര്‍ത്തിയ്ക്കുന്ന ഓഫീസുകള്‍ പുതിയ ജില്ലയുടെ ഭാഗമാക്കി പ്രശ്‌ന പരിഹാരം കാണണമെന്നാണ് ആവശ്യം.   

കേരളാ കോണ്‍ഗ്രസുകളുടെ സമ്മര്‍ദ്ധ തന്ത്രങ്ങള്‍ക്കപ്പുറം, ജനകീയ വഷയങ്ങള്‍ അടിസ്ഥാനമാക്കി ജില്ലാ വിഭജനം സാധ്യമാകുമോ എന്നതാണ് കാത്തിരുന്ന് കാണേണ്ടത്. 

24 thoughts on “തൊടുപുഴ പടിയിറങ്ങുമോ ഇടുക്കിയില്‍ നിന്ന്…

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!